Saturday, November 15, 2008

വാസന്തം by ചന്ദ്രകാന്തംവാസന്തം

(ഗാനം പോലെ.. ഒന്ന്‌.)

ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)

സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍‌ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)

Tuesday, November 4, 2008

ഗുരുപവനപുരപതേ

ചന്ദ്രകാന്തം എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഗുരുവായൂരപ്പഭകതിഗാനം,

വരികള്‍ താഴെ .


പാടിയിരിക്കുന്നത്‌ പ്രത്യേകിച്കു പറയേണ്ടല്ലൊ - എന്റെ ഭൈമി

ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..
പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ

Sunday, November 2, 2008

ഇനിയും വരില്ലേ--

ഇനിയും വരില്ലേ-- Click To Hear

കാലത്തെണീറ്റു ബ്ലോഗ്‌ നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു കവിത 
http://ente-snehatheeram.blogspot.in/2008/11/blog-post.html

വായിച്ചപ്പോള്‍ ഇഷ്ടം തോന്നി. നല്ല വരികള്‍ , ചെറുപ്പത്തിലേക്കു കൂട്ടിക്കൊണ്ടു പോയപോലെ തോന്നി. എന്നാല്‍ കിടക്കട്ടെ ഒരു സംഗീതം എന്നും തോന്നി. ദാ അതാണിത്‌.

എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?

നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?ഇനിയും വരില്ലേ ----

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ

പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്

പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്

മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.