Saturday, November 15, 2008

വാസന്തം by ചന്ദ്രകാന്തം



വാസന്തം

(ഗാനം പോലെ.. ഒന്ന്‌.)

ചെമ്പനിനീരിന്‍ ചൊടിയിതളില്‍...
തുഷാരമുതിരും നേരം..
ശലഭവുമറിയാതഴകിന്‍ പൂമ്പൊടി-
യെഴുതും മധുമയ കാവ്യം.

തൊട്ടു പറക്കും കാറ്റിന്‍ കൈക-
ളിലൊഴുകുകയായി സുഗന്ധം
എന്റെ മനോരഥ വീഥിയിലെങ്ങും
വിടരും രാഗവസന്തം..നിന്നിലെ
പ്രേമ രസാമൃത ഭാവം..
(ചെമ്പനിനീരിന്‍....)

സന്ധ്യാമേഘം മണലില്‍ കുങ്കുമ-
വര്‍‌ണ്ണം വിതറാന്‍ വന്നൂ..
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ്‌ മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
(ചെമ്പനിനീരിന്‍....)

Tuesday, November 4, 2008

ഗുരുപവനപുരപതേ

ചന്ദ്രകാന്തം എന്ന ബ്ലോഗര്‍ എഴുതിയ ഒരു ഗുരുവായൂരപ്പഭകതിഗാനം,

വരികള്‍ താഴെ .


പാടിയിരിക്കുന്നത്‌ പ്രത്യേകിച്കു പറയേണ്ടല്ലൊ - എന്റെ ഭൈമി





ഹരിചന്ദനമണിയും തവ
തിരുവുടലെന്‍ കണ്ണില്‍
കരുണാമൃത സുഖമേകണെ
ഗുരുവായുപുരേശാ..

മുകിലൊത്തൊരു മുടിയില്‍, ചെറു-
പീലിക്കതിര്‍ ചൂടി
അഴകില്‍ കുളിരളകങ്ങളി-
ലിളകും മണി ചാര്‍ത്തി.

വിടരും മുഖകമലം, ചൊടി-
യിതളില്‍ നവനീതം
വനമാലയിലുണരും നറു
മലരാം ശ്രീവല്‍സം.
(വനമാലകള്‍ തഴുകും തിരു-
മറുകാം ശ്രീവല്‍സം..)

മഞ്ഞപ്പട്ടുലയും തവ
നടനം തുടരേണം
ഹൃദയങ്ങളിലുണരേണം
ശുഭ ശിഞ്ജിതമെന്നും..
പദപങ്കജമണയാനെന്‍
മനതാരുഴലുന്നു
കനിവോടെന്നഴലാറ്റണെ-
വൈകുണ്ഠപുരേശാ

Sunday, November 2, 2008

ഇനിയും വരില്ലേ--

ഇനിയും വരില്ലേ-- Click To Hear

കാലത്തെണീറ്റു ബ്ലോഗ്‌ നോക്കിയപ്പോള്‍ ദാ കിടക്കുന്നു ഒരു കവിത 
http://ente-snehatheeram.blogspot.in/2008/11/blog-post.html

വായിച്ചപ്പോള്‍ ഇഷ്ടം തോന്നി. നല്ല വരികള്‍ , ചെറുപ്പത്തിലേക്കു കൂട്ടിക്കൊണ്ടു പോയപോലെ തോന്നി. എന്നാല്‍ കിടക്കട്ടെ ഒരു സംഗീതം എന്നും തോന്നി. ദാ അതാണിത്‌.

എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?

നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?



ഇനിയും വരില്ലേ ----

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ

പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്

പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്

മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്

ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.

Friday, October 24, 2008

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

"കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ--"

ജ്വാല സിനിമയിലെ ഈ ഗാനം കരോക്കെയുടെ സഹായം സ്വീകരിച്ച്‌ പാടിനോക്കിയതാണ്‌

Saturday, October 11, 2008

കേരളപ്പിറവിഗാനം

ഗീത റ്റീച്ചര്‍ എഴുതിയ ഒരു കേരളപ്പിറവിഗാനം

സത്യമായിട്ടും ഒരു കഥാപ്രസംഗം പോലെ എങ്ങാനും തോന്നിയാല്‍ :(

കല്ലെറിഞ്ഞാല്‍ പോലും എന്റെ അടുത്തെത്തില്ല എന്ന സമാധാനത്തില്‍ ഇവനെ അങ്ങു കയറ്റുകയാണ്‌.

പിന്നെ സ്വിച്ച്‌ നിങ്ങളുടെ കയ്യിലാണല്ലൊ, അതുകൊണ്ട്‌ എറിയാന്‍ തോന്നുമ്പോള്‍ നിര്‍ത്തിയേക്കുക അത്രെ പ്രയനുള്ളു.
വരികള്‍ ദേ ഇതൊക്കെ ആയിരുന്നു. ഞാന്‍ സ്വല്‍പം സ്വാതന്ത്ര്യം ഉപയോഗിച്ചു അതില്‍ ക്ഷമിക്കുക.
വിരുത്തം(ശ്ലോകം)

ജന്മഭൂവിനു മാതൃസ്ഥാനം കല്‍പ്പിച്ച മഹോന്നത ഭാരതം
ഭാരതാംബ തന്‍ കാല്‍ചിലമ്പിലെ നന്മണിമുത്താണീ കേരളം
കേരളം ......കേരളം.......

പല്ലവി
--------

പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
പച്ചിലച്ചാര്‍ത്തിന്റെ മേടയിതില്‍
പേരാറും പെരിയാറും കസവിഴ പാകിയ
ഹരിത പട്ടാംബര ധാരിണിയായ്‌
ലാവണ്യകേദാരമായ്‌, ലളിത മനോഹരിയായ്‌
വിളങ്ങിനില്‍പ്പൂ, വിളങ്ങിനില്‍പ്പൂ
ഈ കേരകേദാര ഭൂമീ- ഈ കേരളഭൂമീ...

കവിസങ്കല്‍പ്പം വെല്ലും സുന്ദര സ്വപ്നസമാന ഭൂമി
ഉലകില്‍ തീര്‍ത്തൊരു സുരലോകം ഈ സുന്ദര സുരഭില ഭൂമി
സുഖദ ശീതള ഭൂമി...(പശ്ചിമ സാനുവിന്‍...)


അനുപല്ലവി
------------
നീലമാമല നിരകള്‍ നീളെ
ചാമരങ്ങള്‍ വീശി നില്‍ക്കും
മാമരങ്ങള്‍, പൂമരങ്ങള്‍, പൂവനങ്ങള്‍

പൂത്ത വനികകള്‍, പൂമ്പൊയ്കകള്‍

മാനോടും മയിലാടും മരതക വനികള്‍
മഞ്ഞണിമലകള്‍

മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍

എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി
കേരളഭൂമി... കേരളഭൂമി... (പശ്ചിമസാനുവിന്‍....)

ചരണം
-------
ചിങ്ങത്തിരുവോണപ്പാട്ടുകളും
തിരുവാതിരപ്പാട്ടിന്‍ ശീലുകളും
ഞാറ്റുപാട്ടും തോറ്റം പാട്ടും
പുള്ളുവന്‍ പാട്ടും പാണന്‍ പാട്ടും
വഞ്ചിപ്പാട്ടിന്‍ ഈണങ്ങളും
വേലന്‍ പാട്ടും പഴം പാട്ടും
മാറ്റൊലി കൊള്ളുന്നീ വിണ്‍ മണ്ഡലത്തില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍ (പശ്ചിമ സാനുവിന്‍....)
-----------------------------------


Saturday, October 4, 2008

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്‌

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്‌ എന്ന ഗാനം ഒറ്റയ്ക്‌ എന്റെ ഭൈമി പാടിയത്‌ ഇ ബ്ലോഗ്‌ എന്റേതാണെങ്കിയം ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം എന്റെ ഭൈമി കൃഷ്ണയ്ക്കുള്ളതാണ്‌. ഞാന്‍ വെറും ടൈപിസ്റ്റ്‌ മാത്രമാണ്‌ ഇവിടെ.

കേള്‍ക്കുന്നവര്‍ പറയുന്ന ചീത്ത വളരെ മൃദുവായിരിക്കണം എന്ന്‌ അപേക്ഷ