Saturday, October 11, 2008

കേരളപ്പിറവിഗാനം

ഗീത റ്റീച്ചര്‍ എഴുതിയ ഒരു കേരളപ്പിറവിഗാനം

സത്യമായിട്ടും ഒരു കഥാപ്രസംഗം പോലെ എങ്ങാനും തോന്നിയാല്‍ :(

കല്ലെറിഞ്ഞാല്‍ പോലും എന്റെ അടുത്തെത്തില്ല എന്ന സമാധാനത്തില്‍ ഇവനെ അങ്ങു കയറ്റുകയാണ്‌.

പിന്നെ സ്വിച്ച്‌ നിങ്ങളുടെ കയ്യിലാണല്ലൊ, അതുകൊണ്ട്‌ എറിയാന്‍ തോന്നുമ്പോള്‍ നിര്‍ത്തിയേക്കുക അത്രെ പ്രയനുള്ളു.
വരികള്‍ ദേ ഇതൊക്കെ ആയിരുന്നു. ഞാന്‍ സ്വല്‍പം സ്വാതന്ത്ര്യം ഉപയോഗിച്ചു അതില്‍ ക്ഷമിക്കുക.
വിരുത്തം(ശ്ലോകം)

ജന്മഭൂവിനു മാതൃസ്ഥാനം കല്‍പ്പിച്ച മഹോന്നത ഭാരതം
ഭാരതാംബ തന്‍ കാല്‍ചിലമ്പിലെ നന്മണിമുത്താണീ കേരളം
കേരളം ......കേരളം.......

പല്ലവി
--------

പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
പച്ചിലച്ചാര്‍ത്തിന്റെ മേടയിതില്‍
പേരാറും പെരിയാറും കസവിഴ പാകിയ
ഹരിത പട്ടാംബര ധാരിണിയായ്‌
ലാവണ്യകേദാരമായ്‌, ലളിത മനോഹരിയായ്‌
വിളങ്ങിനില്‍പ്പൂ, വിളങ്ങിനില്‍പ്പൂ
ഈ കേരകേദാര ഭൂമീ- ഈ കേരളഭൂമീ...

കവിസങ്കല്‍പ്പം വെല്ലും സുന്ദര സ്വപ്നസമാന ഭൂമി
ഉലകില്‍ തീര്‍ത്തൊരു സുരലോകം ഈ സുന്ദര സുരഭില ഭൂമി
സുഖദ ശീതള ഭൂമി...(പശ്ചിമ സാനുവിന്‍...)


അനുപല്ലവി
------------
നീലമാമല നിരകള്‍ നീളെ
ചാമരങ്ങള്‍ വീശി നില്‍ക്കും
മാമരങ്ങള്‍, പൂമരങ്ങള്‍, പൂവനങ്ങള്‍

പൂത്ത വനികകള്‍, പൂമ്പൊയ്കകള്‍

മാനോടും മയിലാടും മരതക വനികള്‍
മഞ്ഞണിമലകള്‍

മത്തഗജങ്ങള്‍ മേയും മാമഴക്കാടുകള്‍
മധുശലഭങ്ങള്‍ പാറും മലരണിക്കാടുകള്‍

എത്ര സുന്ദരം! എത്ര സുന്ദരം!
ഈ നിത്യഹരിത ഭൂമി
കേരളഭൂമി... കേരളഭൂമി... (പശ്ചിമസാനുവിന്‍....)

ചരണം
-------
ചിങ്ങത്തിരുവോണപ്പാട്ടുകളും
തിരുവാതിരപ്പാട്ടിന്‍ ശീലുകളും
ഞാറ്റുപാട്ടും തോറ്റം പാട്ടും
പുള്ളുവന്‍ പാട്ടും പാണന്‍ പാട്ടും
വഞ്ചിപ്പാട്ടിന്‍ ഈണങ്ങളും
വേലന്‍ പാട്ടും പഴം പാട്ടും
മാറ്റൊലി കൊള്ളുന്നീ വിണ്‍ മണ്ഡലത്തില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍
മധുരമിയറ്റുന്നു മനസ്സുകളില്‍ (പശ്ചിമ സാനുവിന്‍....)
-----------------------------------


11 comments:

  1. ഗീത റ്റീച്ചര്‍ എഴുതിയ ഒരു കേരളപ്പിറവിഗാനം

    സത്യമായിട്ടും ഒരു കഥാപ്രസംഗം പോലെ എങ്ങാനും തോന്നിയാല്‍ :(

    കല്ലെറിഞ്ഞാല്‍ പോലും എന്റെ അടുത്തെത്തില്ല എന്ന സമാധാനത്തില്‍ ഇവനെ അങ്ങു കയറ്റുകയാണ്‌.

    പിന്നെ സ്വിച്ച്‌ നിങ്ങളുടെ കയ്യിലാണല്ലൊ, അതുകൊണ്ട്‌ എറിയാന്‍ തോന്നുമ്പോള്‍ നിര്‍ത്തിയേക്കുക അത്രെ പ്രയനുള്ളു.

    ReplyDelete
  2. പണിയ്ക്കർ സാറേ.. കഥാപ്രസംഗം പോലെയൊന്നും തോന്നിയില്ല കേട്ടോ.. നല്ലൊരു ദേശഭക്തിഗാനത്തിന് പറ്റിയ സംഗീതം തന്നെ കൊടുത്തതിൽ വളരെ സന്തോഷം. പല്ലവിയുടെ ട്യൂൺ വളരെ നന്നായി തോന്നി. നന്നായി പാടിയിരിയ്ക്കുന്നു. പിന്നെ, ഓർക്കസ്ട്ര മകന്റെ വകയായിരിയ്ക്കുമല്ലെ.

    സാറിനും മകനും ഗീതേച്ചിയ്ക്കും അഭിനന്ദനങ്ങൾ..

    പിന്നെ, ഒരു ചെറിയ പോരയ്മയായി തോന്നിയത്, നോയ്സ് കുറച്ച് കൂടുതലായി തോന്നി. ഓർക്കസ്ട്രയുടെ ലെവലും കുറച്ച് അധികമായിരുന്നുവോ..?

    ReplyDelete
  3. പ്രിയ പൊറാടത്ത്‌, എന്നെ ഒരു വെപ്പു വച്ചു അല്ലേ? ഇതിലെ വാദ്യകോലാഹലം എന്റെ തന്നെയായിരുന്നു. പോട്ടെ.

    അത്‌ ഇടയ്ക്ക്‌ ശ്ലോകം ചൊല്ലലൊന്നും ഇല്ലാതെയും, മുഴുവനും ഒരേ താളത്തിലും, പിന്നെ പലതാളങ്ങളിലും, അങ്ങനെ പല പല രീതിയില്‍ റെകോര്‍ഡ്‌ ചെയ്തു നോക്കി. അവസാനം വന്നു വന്ന്‌ ഒന്നവസാനിപ്പിക്കുവാന്‍ വേണ്ടി പലതില്‍ നിന്നും പെറുക്കി എടുത്ത്‌ കൂട്ടി ചേര്‍ത്തതാണ്‌ അതിന്റേതായ എല്ലാ വൃത്തികേടുകളും അതിലുണ്ട്‌ താനും. എന്നാലും ഇന്നു ചെയ്തില്ലെങ്കില്‍ പിന്നെ രണ്ടാഴ്ച്ചത്തേക്കു സമയം കിട്ടുകയില്ല അതുകൊണ്ടതുപോലെ അങ്ങു വച്ചു കേറ്റി അത്ര തന്നെ.

    നന്നായി എന്നു കേട്ടതില്‍ സന്തോഷമുണ്ട്‌ നന്ദി

    ReplyDelete
  4. പണീക്കർ മാഷെ, പാട്ടു കേട്ടു. നന്നായിരിക്കുന്നു.ബാഗ്രൌണ്ട് മ്യൂസികും കലക്കൻ.

    ശ്ലോകത്തിന്റെ ഭാഗത്ത് നോയ്സ് കളയാമായിരുന്നു.

    ReplyDelete
  5. പണിക്കർ സാറെ...
    മനോഹരം.തുടക്കത്തിലെ അപശ്രുതിയൊന്ന് മാറ്റാൻ കഴിഞ്ഞാൽ നന്നായി.


    ഓ:ടോ:എത്ര നാളായി ബ്ലോഗിംഗ് ചെയ്തിട്ട്.(കള്ള് കുടിക്കാൻ പോലും സമയമില്ല..:)

    ReplyDelete
  6. പാട്ടുകേട്ടു മാഷേ, നന്നായിരിക്കുന്നു.

    വിരുത്തം, പിന്നീട് പാട്ട് എന്ന രീതിയിലുള്ള രചനകള്‍ ഇന്നു കുറവാണ്‌. [പൊല്‍ത്തിങ്കള്‍ക്കല (വിരുത്തം) സത്യശിവസൌന്ദര്യങ്ങള്‍ (പാട്ട്), കാണാക്കുയിലേ പാടൂ പാടൂ നീ (വിരുത്തം) മഴവില്‍ക്കൊടി കാവടി ( പാട്ട്)] അത്തരമൊരു പാട്ടുചെയ്തതിന്, മാഷിനും ഗീതടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  7. എന്റെ സാറേ, എന്തൊരാവേശം! ആ “പശ്ചിമസാനുവിന്‍...’ എടുത്തുപാടുന്നത് ഒരു പയ്യന്റെ ചോരത്തിള‍പ്പോടെ! എന്തൊരു പ്രകടനം.

    ദേശഭക്തിഗാനങ്ങള്‍ കമ്പോസ് ചെയ്യ്മ്പോള്‍ ഒരുപോലെ ആശയങ്ങള്‍ വരുന്നത് സാധാരണം.പഴയ നാടകഗാനം
    ഇതാണു ഭാരതജനനി
    ഇതാണു കേരളധരണി
    ഇതാണു നമ്മുടെ മണ്ണും വിണ്ണും.....”
    ഇതേപോലെ തന്നെ.ഇത്രയും ‘വെറൈറ്റി” ഇല്ല.

    ഒരു സ്റ്റേജ് അവതരണം മനസ്സില്‍ വന്നിരുന്നോ? ചില വിഷ്വത്സ് കയറി വരുന്നുണ്ട്.

    ഒന്നുകൂടി കേട്ടു നോക്കിയിട്ടു ബാക്കി എഴുതാം.

    ReplyDelete
  8. ഗീതേച്ചിയുടെ രചനകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌...

    പണിക്കര്‍ സാര്‍, ആലാപനത്തിലെ ആ ചോരത്തിളപ്പ്‌ വളരെ ഇഷ്ടപ്പെട്ടു..

    രണ്ടുപേര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

    ReplyDelete
  9. ഭാരതമെന്നു കേട്ടാല്‍
    അഭിമാ‍ന പൂരിതമാകണം
    കേരളമെന്നു കേട്ടാലോ
    തിളയ്ക്കണം ചോര ഞരമ്പുകളില്‍..

    പണിയ്ക്കർ സാറേ..
    ഉഗ്രന്‍! ഇതിവിടെ ഇന്നത്തെ രണ്ട് ഡിഗ്രി
    ചൂടില്‍ ഇരുന്ന് കേട്ടിട്ടും ഞാന്‍ തിളച്ചു ..
    അത്യുഗ്രന്‍ ..ശരിക്കും !

    കേരളപ്പിറവി ദിനാശംസകള്!!

    ReplyDelete
  10. പാട്ട് കേട്ടു. നന്നായിട്ടുണ്ട്.
    ടീച്ചര്‍ക്കും സാറിനും അഭിനന്ദന്‍സ്!!

    ReplyDelete
  11. പാട്ടുകേട്ടു, നന്നായിരിക്കുന്നു.

    ReplyDelete